ആൽബെർട്ടയിലെ ലെത്ത്ബ്രിഡ്ജിൽ '764' എന്ന അന്താരാഷ്ട്ര ഇന്റർനെറ്റ് ഭീകരവാദ സംഘവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച 17 വയസ്സുകാരനായ കൗമാരക്കാരനെതിരെ RCMP ഗുരുതരമായ കുറ്റങ്ങൾ ചുമത്തി. ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്യൽ, ഭീകരവാദ സംഘടനയിൽ പങ്കാളിയാകൽ, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ കൈവശം വയ്ക്കുകയും പ്രചരിപ്പിക്കുകയും ചെയ്യൽ, മൃഗങ്ങളോട് ക്രൂരത കാണിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതിക്ക് പ്രായപൂർത്തി ആയില്ല എന്നത് പരിഗണിച്ച്, യൂത്ത് ക്രിമിനൽ ജസ്റ്റിസ് ആക്ട് അനുസരിച്ച് പേരോ മറ്റ് വിവരങ്ങളോ അധികൃതർ പുറത്തുവിട്ടിട്ടില്ല.
ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളും സോഷ്യൽ മീഡിയ ആപ്പുകളും വഴി കുട്ടികളെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കടുത്ത തീവ്രവാദ ശൃംഖലയാണ് '764'. കുട്ടികളെ കെണിയിൽ പെടുത്തി ഭീഷണിപ്പെടുത്തിയും വൈകാരികമായി ചൂഷണം ചെയ്തും കടുത്ത സ്വയം പീഡനങ്ങൾക്കും, മൃഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾക്കും, അക്രമവാസനയുള്ള പ്രവർത്തികൾക്കും പ്രേരിപ്പിക്കുകയാണ് ഈ ഗ്രൂപ്പ് ചെയ്യുന്നത്. 2025-ൽ ഈ അന്താരാഷ്ട്ര ശൃംഖലയെ ഭീകരവാദ സംഘടനകളുടെ ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്തിയ ആദ്യ രാജ്യമാണ് കാനഡ.
ലെത്ത്ബ്രിഡ്ജ് പോലീസിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. കേസിൻ്റെ കൂടുതൽ വിവരങ്ങൾ കോടതിയുടെ പരിഗണനയിലായതിനാൽ പുറത്തുവിട്ടിട്ടില്ല. ഒക്ടോബർ 14-ന് പ്രതിയെ ലെത്ത്ബ്രിഡ്ജ് കോടതിയിൽ ഹാജരാക്കും. കുട്ടികളുടെ ഇൻ്റർനെറ്റ് ഉപയോഗവും ഓൺലൈൻ സൗഹൃദങ്ങളും രക്ഷിതാക്കൾ കൃത്യമായി നിരീക്ഷിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.